Monday, 10 June 2019

ഏകാന്ത പഥികൻ

ഏകാന്ത പഥികൻ 
---------------------------------------
കുങ്കുമ നിറച്ചെപ്പായ് പാഥേയ വീഥി 
അന്തിമയക്കത്തിന്നനന്തതയിൽ 
ജനാരവം കൊട്ടി തിമിർത്തൊഴുകുന്നു 
തെരുവ് വിലക്കിനെ സാക്ഷിയാക്കി... 
അന്നത്തിനായി കൈ നീട്ടി യാജിക്കും 
വയോധികനാമീ ഭിക്ഷക്കാരൻ 
അവജ്ഞതയോടെ തിരസ്കരിക്കുന്നു 
പൊയ്മുഖമാം ജനസാഗരങ്ങൾ

വേദന കാർന്നു മരവിച്ച ദേഹവും 
വേരറ്റു പോയ സ്ഥിരബുദ്ധിയും 
അരച്ചാൺ വയറിന്റെ വിശപ്പും ദാഹവും 
അസ്വസ്ഥമാക്കുന്ന മൂകതയും 

ജ്വലിക്കുന്ന കണ്ണിൽ പതറാത്ത മെയ്യിൽ 
കയ്യടി വാങ്ങിച്ചിരുന്നു കാലം 
ഒറ്റക്കയറിൽ അഭ്യാസ മുറകളിൽ 
സർക്കസ്സ് കാട്ടി നടന്നിരുന്നു 
നീളമേറിയ നാക്കിന്നുടമയും 
മൂർച്ച കൂടിയ വാക്കുകളായ് 
മായാത്ത സ്വപ്നങ്ങളേന്തിയ നാളുകൾ 
മുടന്തനാക്കിയ അനാഥത്വം 
ഉറ്റവർ, ഉടയവർ ഒഴിഞ്ഞകന്നതും 
ജീവിത നൗകയിൽ ഊമയായി.

കോരിച്ചൊരിയുന്ന കർക്കിടക കാറ്റിൽ 
മിഴിനീർക്കങ്ങൾ പൊഴിക്കാതെ 
പീടികത്തിണ്ണയിൽ തല താഴ്ത്തി  നോക്കുന്നു 
പെറുക്കിയെടുത്ത് തുട്ടുകളെ 
നോക്കാതെ ഭാണ്ഡത്തിൽ കയ്യിറുക്കി 
ആടിക്കളിക്കുന്ന മുന്നിലെ പല്ലിനെ 
ആട്ടി രസിക്കുന്നീ പടുവൃദ്ധൻ 
-------------------------------
സുധന്യ ഗുപ്ത

No comments:

Post a Comment